സാധാരണ ഒരു മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത് രണ്ട് ടീമുകളാണ്. പക്ഷേ അങ്ങനെയല്ലാത്ത സംഭവങ്ങളും കായിക മേഖലയിൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ക്രിക്കറ്റിൽ. കാലങ്ങളായി ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ വെല്ലുവിളിക്കുന്നത് മറ്റു ടീമുകളല്ല. നിർണായകമായ എല്ലാ മത്സരങ്ങളിലും പ്രകൃതിയാണ് എന്നും അവരുടെ എതിരാളി. നിർഭാഗ്യം മഴയുടെ രൂപത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽ പെയ്തിറങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി. ഓരോ ടൂർണമെന്റിനെത്തുമ്പോഴും എത്ര നല്ല പ്രകടനം പുറത്തെടുത്താലും അതിനേക്കാൾ നന്നായി മഴ കളിക്കുന്നതോടെ നിരാശരായി മടങ്ങാനാണ് ദക്ഷിണാഫ്രിക്കയുടെയും കളിപ്രേമികളുടെയും വിധി. മഴ മൂലം മത്സരം തടസ്സപ്പെട്ടാൽ വിജയിയെ തീരുമാനിക്കുന്ന ഡക്ക്വർത്ത് ലൂയിസ് നിയമം ഏറ്റവും കൂടുതൽ ഉപയോഗിച്ചതും ഒരുപക്ഷേ ദക്ഷിണാഫ്രിക്ക ആയിരിക്കും. ഇത്തവണയെങ്കിലും
ഭാഗ്യം കനിയുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പിനെത്തുന്നത്.