Banner Ads

നീതിയും മരുന്നും നിഷേധിക്കാനാവില്ല… ഡോക്ടർമാരുടെ 36 മണിക്കൂർ ഷിഫ്റ്റ് മനുഷ്യത്വമില്ലായ്മ; പ്രതികരിച്ച് സുപ്രീം കോടതി

    ഡോക്ടര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അത് പൊതു ജന ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും നീതിയും മരുന്നും നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി

‘രാജ്യത്തുടനീളമുള്ള റസിഡന്റ് ഡോക്ടര്‍മാരുടെ ജോലി സമയത്തെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്. ചില ഡോക്ടര്‍മാര്‍ 36 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നു. എല്ലാ ഡോക്ടര്‍മാരുടെയും ഡ്യൂട്ടി സമയം കാര്യക്ഷമമാക്കാന്‍ കമ്മിറ്റി പരിശോധിക്കണം. 36 അല്ലെങ്കില്‍ 48 മണിക്കൂര്‍ ഷിഫ്റ്റുകള്‍ മനുഷ്യത്വരഹിതമാണ്.” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

അതേസമയം മെഡിക്കല്‍ പ്രൊഫഷണലുകളുടെ ജോലി സമയം കാര്യക്ഷമമാക്കാനും നിയന്ത്രിക്കാനും ഈ ആഴ്ച രൂപീകരിച്ച പ്രത്യേക സമിതിയായ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിനോട് കോടതി ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കോടതി ഉറപ്പ് നല്‍കി.ഡോക്ടര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പൊതു ജന ആരോഗ്യത്തെ ബാധിക്കുമെന്നും നീതിയും മരുന്നും നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സമാധനപരമായി പ്രതിഷേധം നടത്തുന്നവർക്കെതിരെ നടപടി എടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.

കേസിൽ പശ്ചിമ ബം​ഗാൾ സർക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ 14 മണിക്കൂർ വൈകിയത് എന്തിനാണെന്നും മുൻ പ്രിൻസിപ്പൽ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അയാൾ രാജിവെച്ച് വേറെ കോളേജിൽ ചേർന്നോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ മരണ സമയത്ത് 36 മണിക്കൂര്‍ ഡ്യൂട്ടി ഷിഫ്റ്റിൽ ആയിരുന്നെന്നും വിശ്രമിക്കാന്‍ സുരക്ഷിതമായ വിശ്രമ മുറികള്‍ ഇല്ലായിരുന്നെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുമ്പ് ചൂണ്ടികാട്ടിയിരുന്നു. ഡോക്ടര്‍മാരുടെ ജോലിയും തൊഴില്‍ സാഹചര്യവും സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും അവർ കത്ത് അയച്ചിരുന്നു.

അതേസമയം നീതി ആവശ്യപ്പെട്ടുള്ള ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. പൊതു സമൂഹവും പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാല്‍ സുപ്രീം കോടതി ഇടപ്പെടലിനെ തുടര്‍ന്ന് നിരവധി സംഘടനകള്‍ സമരം പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *