മൂന്നാം ബലൂൺ വെടിവച്ചിട്ട് യുഎസ്; ചൈനയുടെ ആകാശത്തും അജ്ഞാതവസ്തു

വാഷിങ്ടൻ: ചാരബലൂൺ എന്ന് യുഎസ് ആരോപിക്കുന്ന ചൈനീസ് ബലൂണുകൾ വെടിവച്ചിട്ടതിനെത്തുടർന്നു കാനഡയുടെ വ്യോമമേഖലയിൽനിന്നു മൂന്നാമതൊരു ബലൂൺ യുഎസ് സൈന്യം വെടിവച്ചിട്ടു. വെള്ളിയാഴ്ചയാണ് യുഎസ് വ്യോമസേനയുടെ എഫ്-22 വിമാനം അലാസ്കയിൽ രണ്ടാം ബലൂൺ വെടിവച്ചിട്ടത്. തുടർന്നാണ് ശനിയാഴ്ച ശനിയാഴ്ച കാനഡയ്ക്ക് മുകളിൽ കണ്ട ബലൂൺ വീഴ്ത്തിയത്. ആദ്യം വീഴ്ത്തിയ ബലൂണിനെക്കാൾ ചെറുതായിരുന്നതിനാൽ മറ്റു രണ്ടു ബലൂണുകളെയും അജ്ഞാതവസ്തു എന്നു വിലയിരുത്തിയാണ് വെടിവച്ചിട്ടത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സംയുക്തമായി തീരുമാനിച്ചാണ് അജ്ഞാത വസ്തു വെടിവച്ചിട്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യം ട്രൂഡോ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അലാസ്കയിൽ കണ്ട ബലൂൺ 40,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. ഇതു വ്യോമഗതാഗതത്തിനു ഭീഷണിയുയർത്തിയതിനാലാണു നടപടിയെന്നാണു വൈറ്റ് ഹൗസ് വിശദീകരണം. വെള്ളിയാഴ്ച വെടിവച്ചിട്ട ബലൂണിന് ഒരു കാറിന്റെ വലിപ്പമാണുണ്ടായിരുന്നതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.

കഴി‍ഞ്ഞയാഴ്ച സൗത്ത് കാരലൈന തീരത്ത് വെടിവച്ചിട്ട ചൈനീസ് ബലൂണുമായി ഇതിനു കാര്യമായ വ്യത്യാസങ്ങളുണ്ടെന്നു യുഎസ് സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ബലൂണിൽ ആശയവിനിമയ സിഗ്നലുകളും മറ്റും ശേഖരിക്കാൻ കഴിയുന്ന സാങ്കേതിക ഉപകരണങ്ങൾ ഉണ്ടായിരുന്നെന്നും യുഎസ് ആരോപിച്ചു.

അതേസമയം തങ്ങളുടെ വ്യോമമേഖലയിൽ ചുറ്റിക്കറങ്ങിയ ചൈനീസ് ചാരബലൂണുകൾ വെടിവച്ചിട്ടെന്ന് യുഎസും കാനഡയും അവകാശവാദമുന്നയിക്കുമ്പോൾ ബൊഹായ് കടലിനോട് ചേർന്ന് ആകാശത്ത് അജ്ഞാതവസ്‌തു കണ്ടെത്തിയതായി ചൈനയുടെ പ്രഖ്യാപനം. റിജാവോ നഗരത്തിനു സമീപത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവച്ചിടാൻ കപ്പലുകളെ വിന്യസിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജാഗ്രത പാലിക്കാൻ നിർദേശിച്ച് കടലിൽപ്പോയ മീൻപിടിത്തക്കാർ‌ക്ക് അധികൃതർ സന്ദേശമയച്ചു. വെടിവച്ചു വീഴ്ത്തുന്ന വസ്തു ശ്രദ്ധയിൽപെട്ടാൽ വീണ്ടെടുക്കാൻ സഹായിക്കാനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *