മുഖ്യമന്ത്രിയുടെ വാഹനം എന്തുവന്നാലും ഇടയ്ക്ക് നിര്‍ത്തരുത്, 150 കിലോമീറ്റര്‍ മുകളില്‍ വേഗതയില്‍ പോകാന്‍ വഴിയൊരുക്കണം.

കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനം എന്തുവന്നാലും ഇടയ്ക്ക് നിര്‍ത്തരുത് 150 കിലോമീറ്റര്‍ മുകളില്‍ വേഗതയില്‍ പോകാന്‍ വഴിയൊരുക്കണം. ഇതാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ അമിതവേഗതയില്‍ റിപ്പോര്‍ട്ട് തേടിയ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്േ്രടറ്റ് ജി പത്മകുമാറിനോട് കുറവിലങ്ങാട് പോലീസ് എസ് എച്ച് ഒ നല്‍കിയ മറുപടിയാണ് ഇത്.

എംസി റോഡില്‍ കുറവിലങ്ങാട് കോഴ ജംഗ്ഷനില്‍ നിന്നാണ് പാലായ്ക്ക് പോകുന്ന റോഡ് ആരംഭിക്കുന്നത്. വീതി കുറഞ്ഞ ഈ റോഡിലൂടെയാണ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പാഞ്ഞത്. രണ്ടാം ശനിയാഴ്ചയാണെങ്കിലും അദാലത്ത് കഴിഞ്ഞ് പാലായില്‍ നിന്നും കുറവലങ്ങാടിന് വരികയായിരുന്നു ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി പത്മകുമാര്‍. കോഴ ജംഗ്ഷനിലേക്ക് എത്താന്‍ രണ്ട് കിലോമീറ്റര്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനം സ്വകാര്യ ബസ്സിനെ മറികടന്ന് മജിസ്‌ട്രേറ്റിന്റെ വാഹനത്തെ ഇടിച്ച് തെറിപ്പിക്കുന്ന രീതിയിയില്‍ എത്തിയത്. എതിരെ വാഹനം വരുന്നത് കണക്കുകൂട്ടാതെ സ്വകാര്യ ബസിനെ ഓവര്‍ടേക്ക് ചെയ്ത് ആണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയത്. മജിസ്‌ട്രേറ്റിന്റെ വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഇടിക്കുന്നതിന് മുമ്പ് മജിസ്‌ട്രേട്ട് കാര്‍ റോഡില്‍ നിന്ന് ഇറക്കി നിര്‍ത്തുകയായിരുന്നു. തിങ്കളാഴ്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കുറവിലങ്ങാട് എസ് എച്ച് ഒ നിര്‍മ്മല്‍ മുഹ്‌സിനെ കോടതിയിലേക്ക് വിളിച്ചുവരുത്തി എന്താണ് നടന്നതെന്ന് അന്വേഷിച്ചു. തങ്ങള്‍ നിരപരാധി ആണെന്നും പോലീസ ക്വാര്‍ട്ടേഴ്‌സില്‍ നിന്നുളള നിര്‍ദ്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ് എച്ച് ഒ വിശദീകരിച്ചു
.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്ര കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു എന്ന് സി ജെ എം ചോദിച്ചു. 150 കിലോമീറ്റര്‍ ആയിരുന്നു വേഗമെന്നാണ് എസ് എച്ച് ഒ നല്‍കിയ മറുപടി. ഈ റോഡില്‍ അനുവദിച്ച വേഗം എത്രയാണെന്ന സി ജെ എന്റെ ചോദ്യത്തിന് 80 കിലോമീറ്റര്‍ എന്നായിരുന്നു എസ് എച്ച് ഒയുടെ മറുപടി. എതിരെ വാഹനം വരുമ്പോള്‍ ഓവര്‍ടേക്ക് ചെയ്യാമോ എന്നായിരുന്നു അടുത്ത ചോദ്യം. ഒരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല എന്ന് എസ് എച്ച്ഒ വിശദീകരിച്ചു. അപ്പോള്‍ വീതി കുറഞ്ഞ റോഡില്‍ എന്തുകൊണ്ടാണ് സ്വകാര്യ ബസിനെ ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞു വന്നത് എന്ന് സിജെഎം ചോദിച്ചു. 150 കിലോമീറ്ററില്‍ കുറയാത്ത വേഗം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഉറപ്പുവരുത്തണമെന്നും ഒരിടത്തും നിര്‍ത്താതെ പോകാനുള്ള വഴിയൊരുക്കണം എന്നുമാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം എന്ന് എസ് എച്ച് ഒ പറഞ്ഞു.

സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ട എന്നും ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനല്ലേ താങ്കളെന്നും എസ് എച്ച് ഒ യോട് സി ജെ എം ചോദിച്ചു. ഇതിന് എസ് എച്ച് ഒയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. ഈ മാസം 17 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി ജെ എം എസ് എച്ച് ഒയോട് നിര്‍ദേശിച്ചു. അമിത വേഗതയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകയാക്കുന്നത് ഇ കെ നായനാരെ അല്ല, മറിച്ച് ഒരു കാലത്ത് സി പി എമ്മും പിണറായിയും വിമര്‍ശിച്ചിരുന്ന കെ കരുണാകരനെയാണ്.

ഇവിടെയാണ് സൗമ്യ മുഖമുളള മുഖ്യമന്ത്രി പി കെ വി യുടെ നാട്ടുകാരനായ പുല്ലുവഴി കമ്മ്യൂണിസത്തിന്റെ പശ്ചാത്തമുളള പാലാ ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേററ് ജി പത്മകുമാര്‍ നടത്തുന്ന ജനപക്ഷ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്. അതിപ്രധാന വ്യക്തികളുടെ വാഹനങ്ങള്‍ ഇത്രയും വേഗം പോകുന്നത് എന്തിനെന്നും ജനത്തെ തടയുന്നത് എന്തിനെന്നും പൊതുജനങ്ങള്‍ ചോദിക്കുന്നു. അകമ്പടി വാഹനങ്ങള്‍ അഗ്‌നിരക്ഷാ വാഹനം ആംബുലന്‍സ് എന്നിവ അടങ്ങുന്ന വാഹന വ്യൂഹമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാവുക. മന്ത്രിമാര്‍ക്കൊപ്പം ഇവയില്ലെങ്കിലും വേഗത്തിന് കുറവില്ല. സുരക്ഷ പരിഗണിച്ചാണ് പോലീസ് അകമ്പടി ഒരുക്കുന്നത്. സര്‍ക്കാരിന്റെ ബ്ലൂ ബുക്ക് പ്രകാരം 80 കിലോമീറ്റര്‍ വേഗമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 32 വണ്ടികള്‍ വരെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടാം. അതിപ്രധാന വ്യക്തികളുടെ യാത്രാവിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാറുണ്ട്. ബദല്‍ റൂട്ടുകളും കണ്ടുവയ്ക്കണം. പൈലറ്റ് വാഹനങ്ങള്‍ പ്രധാന വ്യക്തിയുടെ വാഹനത്തിന്റെ അതേ ഭാഗത്തു നില്‍ക്കണം. വഴിയിലുള്ള മുഴുവന്‍ വാഹനങ്ങളുടെയും ഡ്രൈവര്‍മാരെ അകമ്പടി പോലീസ് ചീത്ത പറഞ്ഞു മാറ്റുന്ന കാഴ്ചയാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *