പത്തനംതിട്ട ഡിവൈഎഫ്ഐയിൽ കൂട്ട സസ്പെൻഷൻ

പത്തനംതിട്ട : മദ്യലഹരിയിൽ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പത്തനംതിട്ട ഡിവൈഎഫ്ഐയിൽ കൂട്ട സസ്പെൻഷൻ.ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും മേഖലാ പ്രസിഡന്റും പുറത്തേക്ക്

നഗരസഭാ കൗൺസിലർ വി. ആർ. ജോൺസന് സിപിഎമ്മിൽ നിലവിലുള്ള സസ്പെൻഷൻ ഡിസംബർ മാസം വരെ നീട്ടി. എടത്വ ചങ്ങങ്കരിയിൽ ബുധൻ രാത്രി നടന്ന സംഭവത്തിലാണ് കൗൺസിലർക്കും നേതാക്കൾക്കുമെതിരെ കൂട്ട നടപടി. പാർട്ടിയുടെയും സംഘടനയുടെയും പ്രതിച്ഛായ തകർത്തതിനാണ് നടപടി

ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെ ഡിവൈഎഫ്ഐ യിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ പ്രസിഡന്റ് അരുൺ ചന്ദ്രനെ സംഘടനയിൽ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പത്തനംതിട്ട നഗരസഭ ചെയർമാനുമായ T. സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന സിപിഎം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. സംഭവത്തിൽ ഉൾപ്പെട്ട മറ്റു ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ ഇത്തരം പ്രവത്തികൾ നടത്തുന്നത് സംഘടനക്ക് അപമാനം സൃഷ്ടിച്ചുവെന്ന് കണ്ടെത്തിയാണ് നടപടി. ഈ മാസം 22 ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശരതിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുക്കുമെന്നാണ് സൂചന.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കൗൺസിലർ വി.ആർ. ജോൺസനെ സിപിഎമ്മിൽ നിന്ന് നേരത്തെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അതാണ് വീണ്ടും നീട്ടിയത്.

ജോൺസനെ കൂടാതെ ഡിവൈഎഫ്ഐ നേതാക്കളായ ശരത് ശശിധരൻ, സജിത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം പരസ്യമായി മദ്യപിച്ചതിനെ ചോദ്യം ചെയ്ത നാട്ടുകാരെയും വിവരമറിഞ്ഞെത്തിയ പൊലീസിനെയും സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ വരുതിയിലാക്കിയത്.

പൊതു സ്ഥലത്തെ മദ്യപാനം, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *