മോളിവുഡ് എന്നാ സുമ്മാവാ…

    സിനിമകള്‍ക്കും ഫെസ്റ്റിവല്‍ സീസണ്‍ ആഘോഷമാണ്. പൊതുവെ ഫെബ്രുവരിയില്‍ സിനിമകള്‍ക്ക് അത്ര നല്ല കാലമല്ല എന്നാണ് കരുതിയിരുന്നതെങ്കിലും 2024ല്‍ കോടിക്കിലുക്കത്തിലാണ് മോളിവുഡ്.ഫെബ്രുവരിയില്‍ മാത്രം മോളിവുഡ് 150 കോടി രൂപയില്‍ അധികം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുകയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു എന്നിവയാണ് ആദ്യം എത്തിയതെങ്കില്‍ പിന്നീട് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്സും റിലീസായതോടെ മോളിവുഡ് അക്ഷരാര്‍ഥത്തില്‍ ഫെബ്രുവരിയില്‍ നിറഞ്ഞാടുകയാണ്......

സിനിമകള്‍ക്കും ഫെസ്റ്റിവല്‍ സീസണ്‍ ആഘോഷമാണ്.പൊതുവെ ഫെബ്രുവരിയില്‍ സിനിമകള്‍ക്ക് അത്ര നല്ല കാലമല്ല എന്നാണ് കരുതിയിരുന്നതെങ്കിലും 2024ല്‍ കോടിക്കിലുക്കത്തിലാണ് മോളിവുഡ്.ഫെബ്രുവരിയില്‍ മാത്രം മോളിവുഡ് 150 കോടി രൂപയില്‍ അധികം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുകയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു എന്നിവയാണ് ആദ്യം എത്തിയതെങ്കില്‍ പിന്നീട് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്സും റിലീസായതോടെ മോളിവുഡ് അക്ഷരാര്‍ഥത്തില്‍ ഫെബ്രുവരിയില്‍ നിറഞ്ഞാടുകയാണ്.

വന്‍ അഭിപ്രായം നേടിയവയൊക്കെ 50 കോടി ക്ലബില്‍ എത്തുന്ന കാഴ്ചയാണ് ഫെബ്രുവരിയില്‍ കാണാനാകുന്നത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും മികച്ച പ്രതികരണം നേടി 40 കോടി ക്ലബില്‍ ഇടംനേടി. നസ്ലെന്റെ പ്രേമലുവാകട്ടെ 50 കോടി ക്ലബില്‍ എത്തി. അതേസമയം മമ്മൂട്ടിയുടെ ഭ്രമയുഗം 50 കോടി ക്ലബില്‍ എത്തിയിരുന്നു. അതിവേഗം മഞ്ഞുമ്മല്‍ ബോയ്സും 50 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാന്‍ ഉന്നെ പ്രമിസ്താനു

വളരെ നേരത്തെ എത്തിയിട്ടും പ്രേമലു സിനിമ ഫെബ്രുവരിയില്‍ കുതിക്കുന്ന കാഴ്ചയാണ് ബോക്സ് ഓഫീസില്‍ കാണാനാകുന്നത്.നസ്ലെന്റെയും മമിതയുടെയും പ്രേമലു 60 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്.സര്‍പ്രൈസുകള്‍ ഹിറ്റുകള്‍ക്ക് മുമ്പും മലയാള സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സര്‍പ്രൈസുകളെയൊക്കെ മറികടക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. പുതിയ കാലത്തിന് യോജിച്ച തമാശകള്‍ ചിത്രത്തില്‍ ചേര്‍ത്തത് പ്രേമലുവിന്റെ വിജയത്തില്‍ നിര്‍ണായക ഘടകവുമായി.

പ്രേമലു കേരളവും കടന്ന് എല്ലാത്തരം സിനിമമാ പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.ബോളിവുഡ് നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയത് പ്രേമലവുന് ലഭിക്കുന്ന വന്‍ സ്വീകാര്യത കണ്ടാണ്. ബോക്സ് ഓഫീസില്‍ പ്രേമലുവിന് ലഭിക്കുന്ന കളക്ഷന്‍ മുന്‍നിര കമ്പനികളെയും അമ്പരപ്പിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഹൈദരാബാദ് പശ്ചാത്തലമായി പ്രേമലുവിന്റെ കഥ പറഞ്ഞത് അന്നാട്ടിലെ പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ സഹായകരമായി.

സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് പ്രേമലു തെലുങ്കിലേക്ക് എത്തിക്കുന്നത്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രേമലു സിനിമയുടെ തെലുങ്ക് മൊഴിമാറ്റ റൈറ്റ്സ് വന്‍ തുകയ്ക്ക് എസ് എസ് കാര്‍ത്തികേയ നേടി എന്നാണ് മനസ്സിലാകുന്നത്. മാര്‍ച്ച് എട്ടിനായിരിക്കും നസ്ലെന്റെയും മമിതയുടെയും ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്യുക എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ആകാശവാണി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്വെഷിച്ചു കണ്ടെത്തി…

ടൊവിനൊ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. പ്രേമലുവിനൊപ്പം റിലീസ് ചെയ്ത ടൊവിനൊ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.വേറിട്ട ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം എന്ന വിശേഷണം അന്വേഷണം കണ്ടെത്തും നേടുകയും ചെയ്തു.ടൊവിനൊയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും 40 കോടി ക്ലബില്‍ എത്തി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും മഞ്ഞുമ്മല്‍ ബോയ്സിന്റെയും തിയറ്റിലെ കുതിപ്പ് അതിജീവിച്ചാണ് അന്വേഷിപ്പിന്‍ കണ്ടെത്തും ആഗോള ബോക്സ് ഓഫീസില്‍ 40 കോടിയില്‍ അധികം നേടിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിന്‍ കുര്യാക്കോസാണ്.

നായകന്‍ ടൊവിനോ തോമസിന്റെ പ്രകടനം ചിത്രത്തില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അന്വേഷിപ്പിന്‍ കണ്ടെത്തും റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും. തിരക്കഥ ജിനു വി എബ്രഹമാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും. സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും വലിയ ഒരു ക്യാന്‍വാസിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്റ് വൈറ്റ് തേരോട്ടം

മമ്മൂട്ടിയിയുടെ വേഷപകര്‍ച്ചയില്‍ രൌദ്ര ഭാവത്തിലെത്തിയ ചിത്രമാണ് ഭ്രമയുഗം. റിലീസിന് മികച്ച അഭിപ്രായം നേടിയതോടെ ചിത്രം വന്‍ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആ പ്രതീക്ഷകള്‍ ശരിവച്ചിരിക്കുകയാണ് ഭ്രമയുഗം. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി കടന്ന് മമ്മൂട്ടിയുടെ ഭ്രമയുഗം.യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയ രണ്ട് ചിത്രങ്ങളെ അതിജീവിച്ചാണ് ഗൌരവേറിയ ഒരു വിഷയം പ്രതിപാദിക്കുന്ന ഭ്രമയുഗം 50 കോടി ക്ലബില്‍ എത്തിയത്.

മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നത് പ്രഖ്യാപനം തൊട്ടെ ഭ്രമയുഗം ചര്‍ച്ചകളില്‍ നിറയാന്‍ ഒരു കാരണമായിരുന്നു. കൊടുമണ്‍ പോറ്റിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറാന്‍ കൊടുമണ്‍ പോറ്റിക്ക് കഴിയുകയും ചെയ്തു എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം സിനിമ അവതരിപ്പിച്ചിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

മഞ്ഞുമ്മലിലെ പിള്ളേര്‍

മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ മൂന്ന് ദിവസത്തില്‍ 26 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ചിത്രത്തിന്റേത് അമ്പരിപ്പിക്കുന്ന കുതിപ്പാണെന്ന് ഒടിടിപ്ലേയാണ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേ സമയ ശനിയാഴ്ച കേരളത്തിലും ഗംഭീര പ്രകടനമാണ് മഞ്ഞുമ്മല്‍ ബോയ്സ് പുറത്തടുത്തിരിക്കുന്നത്.ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ 4.25 കോടിയാണ് നേടുന്നത്.റിലീസ് ദിനത്തില്‍ അല്ലാതെ ഈ വര്‍ഷം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് ഇത്.ഇത് ഞായറാഴ്ച വീണ്ടും കൂടാം.കേരളത്തിലെ കളക്ഷന് പുറമേ അന്യഭാഷ കളക്ഷനും കൂടിയതാണ് ചിത്രത്തെ തുണച്ചത്.

ജാനേമന്‍ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകന്‍ ചിദംബരം മഞ്ഞുമ്മല്‍ ബോയ്സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ലെന്നാണ് പ്രേക്ഷകരും പറയുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്.കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്സ്.യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താന്‍ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.ബോളിവുഡടക്കമുള്ള അന്യ ഭാഷാ സിനിമകള്‍ കളക്ഷനില്‍ തളരുമ്പോഴാണ് മോളിവുഡിന്റെ വന്‍ മുന്നേറ്റം എന്നത് ഇന്ത്യയിലെ ചലച്ചിത്ര ആസ്വാദകരെ അമ്പരപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയതില്‍ ഒട്ടു മിക്ക സിനിമകളും വന്‍ പരാജയം ഏറ്റ് വാങ്ങിയവയായിരുന്നു. എന്നാല്‍ 2024 ന്റെ ആരംഭത്തില്‍ തന്നെ നാല് മെഗാ ഹിറ്റുകളാണ് മോളിവുഡ് നേടിയിരിക്കുന്നത്. ഇതോടൊപ്പം ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന നിരവധി പ്രോജക്ടുകളും അണിയറില്‍ ഒരുങ്ങുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്കു ശേഷം തുടര്‍ച്ചയായി ആദ്യമായിട്ടാണ് കേരളത്തിലെ തീയേറ്ററുകള്‍ ഇത്രയധികം നിറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ഹിറ്റിന് വേണ്ടി കാത്തിരുന്നവര്‍ ഇപ്പോള്‍ ടിക്കറ്റിനായി നേട്ടോടമൊടുന്ന കാഴ്ചയാണ് ഇപ്പോള്‍ മോളിവുഡില്‍ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *