100 കോടിയിലേക്ക് ഉടന്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്

    മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം വമ്പന്‍ ഹിറ്റായിരിക്കുകയാണ്.ആഗോളതലത്തില്‍ മോഹന്‍ലാലിന്റെ നേര് ആകെ 80 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസി റിപ്പോര്‍ട്ട്. യുഎഇയിലും നേര് മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്.....

മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം വമ്പന്‍ ഹിറ്റായിരിക്കുകയാണ്. ആഗോളതലത്തില്‍ മോഹന്‍ലാലിന്റെ നേര് ആകെ 80 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസി റിപ്പോര്‍ട്ട്. യുഎഇയിലും നേര് മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. ഇതുവരെയായി യുഎഇയില്‍ നേര് 13.6 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയത്. ഇനിയും മോഹന്‍ലാലിന്റെ നേര് എന്തായാലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറും എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച കളക്ഷന്‍ നേടാനായതാണ് നേരിന്റെ കുതിപ്പില്‍ നിര്‍ണായകമാകുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും മോഹന്‍ലാല്‍ ചിത്രത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നുണ്ട് എന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമ്പോഴുള്ള ഒരു ഗ്യാരണ്ടി നേരും ശരിവയ്ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‌പെന്‍സുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകന്‍ ജീത്തു ജോസപ് മുന്‍കൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്.

മോഹന്‍ലാലും വലിയ ആത്മവിശ്വാസത്തെയോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹന്‍ലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്ളത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ട മോഹന്‍ലാലിന്റെ തിരിച്ചുവരവായിരിക്കുകയാണ് നേര്. ഇതോടെ പ്രക്ഷകരുടെ മൗത്ത് പബ്ലിസിറ്റി കൂടിയായതോടെ സിനിമ തിയേറ്ററില്‍ വന്‍ വിജയമായി.

ഡിസംബര്‍ 21ന് ആയിരുന്നു നേര് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ 80 കോടി പിന്നിട് നേര് വൈകാതെ തന്നെ 100 കോടി സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. റിലീസ് ചെയ്ത് എട്ടാം ദിവസം ചിത്രം 50 കോടി നേടിയത് ഏറെ ശ്രദ്ധനേടിയിരുന്നു. സമീപകാല റിലീസുകളില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന ചിത്രവും നേരായി. കൂടാതെ മികച്ച മോളിവുഡ് സിനിമകളുടെ പട്ടികയിലും നേര് ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ലിസ്റ്റിലുള്ള പ്രേമം എന്ന സിനിമയെ മോഹന്‍ലാല്‍ ചിത്രം കടത്തിവെട്ടിയിട്ടുണ്ട്.

ദൃശ്യം ഫ്രാഞ്ചൈസി, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പോയില്‍ എത്തിയ ചിത്രമാണ് നേര്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിറ്റ്, നേര് ആവര്‍ത്തിക്കുമെന്നായിരുന്നു വിലയിരുത്തല്‍. അത് അന്വര്‍ത്ഥമാക്കാന്‍ സിനിമയ്ക്കായി എന്നത് വലിയൊരു വിജയമാണ്. അനശ്വര രാജന്‍, ശാന്തി മായാദേവി, ജഗദീഷ്, ശങ്കര്‍ ഇന്ദുചൂഢന്‍, സിദ്ധിഖ് തുടങ്ങി വന്‍ താരനിര നേരില്‍ അണിനിരന്നിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി പല മോഹന്‍ലാല്‍ ചിത്രങ്ങളും വലിയ പരാജയം അനുഭവിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം പല മോഹന്‍ലാല്‍ ചിത്രങ്ങളും വലിയ വിമര്‍ശനങ്ങളും ഏറ്റ് വാങ്ങിയിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളുടെയെല്ലാം വായടപ്പിച്ചു കൊണ്ടാണ് നേര് വന്‍ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒരു വന്‍ തിരിച്ചു വരവാണ് നേര് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ യുഎഇയിലും നേരിന് വന്‍ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോഹന്‍ലാലിന്റെ വക്കീല്‍ വേഷമാണ് ആകര്‍ഷണം. വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായിട്ട് ചിത്രത്തില്‍ മോഹന്‍ലാല്‍ മികച്ച ഭാവപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നു. വലിയ മാസായ ഒരു കഥാപാത്രമല്ല ചിത്രത്തില്‍ മോഹന്‍ലാലിന് എങ്കിലും പ്രേക്ഷകരെ ഇഷ്ടപ്പെടുത്തും വിധം പ്രകടനത്താല്‍ ആകര്‍ഷകമാക്കാന്‍ മോഹന്‍ലാലിന് നേരില്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. ഒരു നടനെന്ന നിലയില്‍ സിനിമയിലെ കഥാപാത്രം മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയിരിക്കുന്നു എന്ന് നേര് കണ്ട മിക്കവരും അഭിപ്രായപ്പെടുന്നു.

ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം നേര് തീര്‍ത്തും റിയലിസ്റ്റിക്കായിട്ടാണ് അവതരിപ്പിച്ചത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോടതി നടപടികളൊക്കെ സ്വാഭാവികമായി ചിത്രീകരിക്കാന്‍ ചിത്രത്തില്‍ ബോധപൂര്‍വം ശ്രമിച്ചിരിക്കുന്നു. നേര് കോര്‍ട്ട് റൂം ഡ്രാമ ചിത്രം എന്ന നിലയില്‍ മലയാളത്തിനറെ ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കും എന്നാണ് അഭിപ്രായങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *