Banner Ads

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നത്.

മണ്‍സൂണ്‍ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാല്‍ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായി ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചിരുന്നു.

സംസ്ഥാന തീരക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ട്രോളിംഗ് നിരോധന കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിംഗ് തൊഴിലാളികള്‍ക്കും സൗജന്യ റേഷൻ നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പുമായി സഹകരിച്ച്‌ നടപടി സ്വീകരിച്ചുവരികയാണ്.

അന്യസംസ്ഥാന ബോട്ടുകള്‍ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാർബറുകളിലെ ഡീസല്‍ ബങ്കുകള്‍ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കും.