
ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. പ്രതികളായ അഞ്ച് പേർക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. നവകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലൂടെ കടന്നുപോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ലാത്തി ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു രക്ഷാപ്രവർത്തനമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്.