
ഇടുക്കി : ജില്ലയിൽ എച്ച്1എൻ1 പനി ബാധിച്ച് വയോധിക മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി മറിയാമ്മ (82) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 30നാണ് കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. സ്വൈൻ ഇൻഫ്ലുവൻസ അഥവാ പന്നിപ്പനി എന്ന് അറിയപ്പെടുന്ന എച്ച് വൺ എൻ വൺ, ആർഎൻഎ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ലുവൻസ വൈറസാണ്.
2009 മുതൽ അന്താരാഷ്ട്രതലത്തിൽ ഇതൊരു പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി പന്നികളിൽ വേഗത്തിൽ പടരുന്ന ഈ വൈറസ് മനുഷ്യരിലേക്ക് പകരുമ്പോൾ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. വായുവിലൂടെ വളരെ വേഗം പടരുന്ന ഒരു വൈറസാണിത്.
രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ശ്വാസകോശ സ്രവങ്ങളിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് എത്തുന്നത്. അസുഖബാധിതനായ വ്യക്തിയിൽ നിന്ന് രണ്ടു മുതൽ ഏഴു ദിവസം വരെ ഈ രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്.
ആസ്മ, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങളുള്ളവരിലും ഗർഭിണികളിലും മുതിർന്ന പൗരന്മാരിലും എച്ച്1എൻ1 ബാധിച്ചാൽ രോഗം പെട്ടെന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്.