
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കും പ്രവേശനമില്ല.മന്ത്രിമാരുടെ ഓഫീസുകളിൽ നിന്നുള്ള മുൻകൂർ അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും ഇനി മുതൽ ഉള്ളിലേക്ക് പ്രവേശനമുണ്ടാകില്ല.
പ്രത്യേക ശുപാർശ കത്ത് നിർബന്ധം: ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശുപാർശ കത്ത് ഇല്ലാത്ത മാധ്യമപ്രവർത്തകരെ ഉള്ളിലേക്ക് കടത്തിവിടരുതെന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അക്രഡിറ്റേഷൻ കാർഡുള്ള മാധ്യമപ്രവർത്തകരെപ്പോലും നിലവിൽ ഗേറ്റിൽ തടയുന്ന സാഹചര്യമാണുള്ളത്. സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന, ‘സമരഗേറ്റ്’ എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.പുതിയ സർക്കാർ അധികാരമേറ്റത് മുതൽ സെക്രട്ടേറിയറ്റിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകീട്ട് 3:00 മണി മുതൽ 5:00 മണി വരെയായി പരിമിതപ്പെടുത്തിയത്.യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്കുള്ള മാധ്യമങ്ങളുടെ പ്രവേശന നിയന്ത്രണ കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുന്നത്.