
ദില്ലി : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പാർട്ടിയിൽ കൂട്ടപ്പിളർപ്പ്. പാർട്ടി നേതൃത്വത്തോട് വിയോജിപ്പുള്ള തൃണമൂൽ എംപിമാർ കൂട്ടത്തോടെ ദേശീയ തലസ്ഥാനമായ ദില്ലിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി.
ലോക്‌സഭയിലെ തൃണമൂലിന്റെ ആകെയുള്ള 28 പ്രതിനിധികളിൽ 22 പേരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. കേന്ദ്രമന്ത്രിയും ബിജെപിയുടെ ബംഗാൾ ചുമതലക്കാരനുമായ ഭൂപേന്ദ്ര യാദവിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ചർച്ചയിൽ പങ്കെടുത്തു. രാജ്യസഭാംഗത്വം രാജിവെച്ച മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയും വിമതർക്കൊപ്പമുണ്ട്.
ടിഎംസി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനും വിമതർക്കൊപ്പം ദില്ലിയിലുണ്ടെന്ന് മറ്റൊരു ടിഎംസി എംപിയായ മഹുവ മൊയ്ത്ര ആരോപിച്ചു. എന്നാൽ വിമത എംപിമാരുടെ രാജി സംബന്ധിച്ചോ അതോ പാർട്ടി മാറ്റം സംബന്ധിച്ചോ ഉള്ള കത്തുകൾ ലഭിച്ചതായി ലോക്‌സഭാ സ്പീക്കറുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംസ്ഥാന ഭരണം നഷ്ടപ്പെടുകയും നിയമസഭയിൽ പാർട്ടി കേവലം 80 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തതോടെയാണ് തൃണമൂൽ കോൺഗ്രസിനുള്ളിൽ കലാപം പരസ്യമായത്. ലോക്‌സഭയിലെ പാർട്ടിയുടെ പ്രധാന മുഖങ്ങളായ മഹുവ മൊയ്ത്രയും കല്യാൺ ബാനർജിയും തമ്മിലുള്ള പരസ്യപ്പോരും പാർട്ടിക്ക് വലിയ തിരിച്ചടിയായി.