
തിരുവനന്തപുരം : ഡോ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎ. ഈ നിയമനം കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ നേർസാക്ഷ്യമാണെന്ന് മുരളീധരൻ പറഞ്ഞു. ബംഗാളിൽ മുൻ കമ്മിഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയപ്പോൾ അത് തിരഞ്ഞെടുപ്പ് തിരിമറിയുടെ പ്രതിഫലമാണ് എന്ന് വിമർശിച്ച രാഹുൽ ഗാന്ധി ഇപ്പോൾ എവിടെപ്പോയെന്നും വി മുരളീധരൻ പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് വിഡി സതീശൻ ഉറപ്പിച്ചു പറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ഇത്തരം ഡീലുകളുടെ ഭാഗമായിട്ടായിരുന്നോ? ഈ നിയമനം സംശയാസ്പദമല്ലെങ്കിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ബംഗാളിലെ സർക്കാരിനോട് പരസ്യമായി മാപ്പ് പറയണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പല നിയമനങ്ങളും വ്യക്തിപരമായി ലഭിച്ച സഹായങ്ങളുടെ പ്രത്യുപകാരമാണെന്ന അടക്കംപറച്ചിൽ തലസ്ഥാനത്തുണ്ട്.
സിപിഎമ്മിന്റെയും ബിജെപിയുടെയും കടുത്ത പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലാണ് ഡോ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്തത്. മുമ്പ് ബംഗാളിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായും ഒബ്സർവറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായും നിയമിച്ചതിനെതിരെ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു.
മോഷണം കൂടും തോറും പ്രതിഫലവും കൂടും എന്നായിരുന്നു അന്ന് രാഹുലിന്റെ വിമർശനം. അതേസമയം ഡോ രത്തൻ ഖേൽക്കറുടെ നിയമനത്തിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. നിയമനത്തെ പൂർണ്ണമായി അനുകൂലിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി സ്വീകരിച്ചത്.