Banner Ads

നെയ്യാറ്റിൻകര പോക്സോ കോടതി വിധി; സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വയോധികനും ബന്ധുവിനും കഠിനതടവ്

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികനും ബന്ധുവിനും കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ കീഴാറൂർ കാവല്ലൂർ സ്വദേശി വിൽസന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, ഇയാളുടെ ബന്ധുവും രണ്ടാം പ്രതിയുമായ അനീഷിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ എം സുജ ശിക്ഷ വിധിച്ചത്.

ക്ലാസ് റൂമിൽ മറ്റു കുട്ടികളിൽ നിന്ന് ഒഴിഞ്ഞുമാറി സങ്കടപ്പെട്ടിരുന്ന കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ക്ലാസ് ടീച്ചർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ അമ്മയെയും അനുജനെയും കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു.

വെള്ളറട എസ്എച്ച്ഒ ആയിരുന്ന എൻജിജി, ജെമോഹൻദാസ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, അഡ്വ വി ആർ മായാദേവി എന്നിവർ കോടതിയിൽ ഹാജരായി.