
തിരുവനന്തപുരം : ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. ആശങ്ക വേണ്ടെന്നും സൗജന്യമായി കുടിവെള്ളം എത്തിക്കുമെന്നും മേയർ വി വി രാജേഷ് അറിയിച്ചു. ഇന്ന് (മാർച്ച് 12) രാവിലെ 10 മണി മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് നിയന്ത്രണം ബാധകമായിരിക്കും.
കഴക്കൂട്ടം മണ്ഡലത്തിലെ കരിക്കകം, അണമുഖം, പേട്ട, മെഡിക്കൽ കോളേജ് എന്നീ വാർഡുകൾ ഒഴികെയുള്ള ഇടങ്ങളിൽ ജലവിതരണം തടസ്സപ്പെടും. കുടിവെള്ളക്ഷാമം പരിഹരിക്കാൻ 65 ടാങ്കർ ലോറികൾ കോർപ്പറേഷൻ സജ്ജമാക്കിയിട്ടുണ്ട്. ടാങ്കറുകൾ വഴി എല്ലാ വാർഡുകളിലും വെള്ളമെത്തുന്നുണ്ടെന്ന് നഗരസഭ ഉറപ്പുവരുത്തും. പൊങ്ങുമൂട് ഭാഗത്തുള്ള പഴയ 900 എംഎം പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായാണ് പമ്പിങ് നിർത്തിവെക്കുന്നത്.