Banner Ads

ധർമ്മടത്ത് വൻ കവർച്ച; വീട്ടിൽ നിന്ന് 24 പവൻ സ്വർണവും പണവും കവർന്നു

കണ്ണൂർ : കണ്ണൂർ ധർമ്മടത്ത് വൻ കവർച്ച. ധർമ്മടം സത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് 24 പവൻ സ്വർണവും 15,000 രൂപയും കവർന്നു. ധർമ്മടം സ്വദേശി രത്നാകരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രത്നാകരന്റെ മകൻ വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷ്ടാവ് വീടിനകത്ത് കടന്നത്.

മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് സ്വർണവളകളും അഞ്ച് മോതിരങ്ങളും ഉൾപ്പെടെയുള്ള ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ധർമ്മടം പോലീസ് അന്വേഷണം ആരംഭിച്ചു. തലശ്ശേരിയിലെ തലായി ഹാർബറിൽ മത്സ്യ സ്റ്റാൾ നടത്തുകയാണ് രത്നാകരൻ.