
തിരുവല്ല : തിരുവല്ലയിലെ ഫർണിച്ചർ കടകളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ ലക്ഷങ്ങളുടെ ഫർണിച്ചർ ഉൽപ്പന്നങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. തിരുവല്ല പെരുംതുരുത്തിയിൽ പ്രവർത്തിക്കുന്ന എ കെ ഫർണിച്ചർ, തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന തോപ്പിൽ ഫർണിച്ചർ എന്നീ സ്ഥാപനങ്ങളാണ് ഇദ്ദേഹം തട്ടിപ്പ് നടത്തിയത് .
പത്തനംതിട്ട ഗ്രാമ വികസന കേന്ദ്രം എൻജിനീയർ എന്ന് സ്വയം പരിചയപ്പെടുത്തി ഐഡന്റിറ്റി കാർഡ് ധരിച്ച് എത്തിയ യുവാവാണ് പറ്റിപ്പ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം പതിനാലാം തീയതി ആയിരുന്നു തട്ടിപ്പിന് ഇടയായ സംഭവം നടന്നത്. 14ന് ഉച്ചയോടെ കടയിൽ എത്തിയ യുവാവ് ഗ്രാമ വികസന കേന്ദ്രം എൻജിനീയറാണ് എന്ന് സ്വയം പരിചയപ്പെടുത്തി ഒരു ലക്ഷത്തി പതിനായിരം രൂപയോളം വില വരുന്ന ഫർണിച്ചറുകൾ വാങ്ങി. ഇതിനുശേഷം സമാന തുകയ്ക്കുള്ള ചെക്ക് കൈമാറി.
കൂടെ ഗ്രാമ വികസന കേന്ദ്രത്തിന്റെ സിലോടുകൂടിയ എഗ്രിമെന്റ് പേപ്പറും കൈമാറി. തുടർന്ന് കുറച്ചു സാധനങ്ങൾ മറ്റൊരു കടയിൽ നിന്നുകൂടി വാങ്ങണം എന്ന് ആവശ്യപ്പെട്ട് ഉടമയിൽ നിന്നും പണമായി 50,000 രൂപയും വാങ്ങി. ശേഷം ഇവിടെ നിന്നും പോയ യുവാവ് നേരെ എത്തിയത് തിരുവല്ല നഗരത്തിലെ തോപ്പിൽ ഫർണിച്ചർ മാർട്ടിലേക്ക് ആയിരുന്നു. ഇവിടെയെത്തി ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങി ചെക്കും എഗ്രിമെൻറ് പേപ്പറും നൽകിയതിനു ശേഷം സാധന സാമഗ്രികൾ പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് ഈ സാധനങ്ങൾ എ കെ ഫർണിച്ചർ മാർട്ടിൽ എത്തിച്ചു. ഇവിടെ എത്തിച്ച സാധനങ്ങൾ ഇറക്കിവെച്ച ശേഷം സാധനങ്ങൾ മുഴുവനായി അടുത്ത ദിവസം കറുകച്ചാലിൽ താൻ നൽകുന്ന മേൽവിലാസത്തിൽ എത്തിച്ചാൽ മതിയെന്ന് അറിയിച്ചു. ഇതിൽ പ്രകാരം ഇരുകടകളിൽ നിന്നും വാങ്ങിയ സാധനങ്ങൾ തൊട്ടടുത്ത ദിവസമായ ഞായറാഴ്ച എ കെ ഫർണിച്ചർ മാർട്ടിന്റെ പിക്കപ്പ് വാനിൽ കറുകച്ചാലിൽ എത്തിച്ചു. തുടർന്ന് തിങ്കളാഴ്ച ചെക്കുകൾ മാറാൻ ബാങ്കുകളിൽ എത്തിയപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായ വിവരം വ്യാപാരികൾ അറിഞ്ഞത്. തുടർന്നാണ് തിരുവല്ല പോലീസിൽ പരാതി നൽകിയത്.
പ്രതിയെ സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് എ കെ ഫർണിച്ചർ മാർട്ട് ഉടമ നടത്തിയ അന്വേഷണത്തിൽ കറുകച്ചാലിലെ ഒരു മൊബൈൽ ഫോൺ കടയിൽ സമാനമായ തരത്തിൽ തട്ടിപ്പ് നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എ കെ ഫർണിച്ചർ മാർട്ട് ഉടമ തിരുവല്ല പോലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ജനുവരിയിൽ ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുകയായിരുന്ന കമ്പം സ്വദേശിനി മലർ എന്ന വനിതാ ഡോക്ടറെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ എത്തി ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ
കോട്ടയം പനച്ചിക്കാട് മറ്റത്തിൽ വീട്ടിൽ മനു യശോധരൻ (39) ആണ് തിരുവല്ലയിലെ സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമ വികസന വകുപ്പിന്റെ വ്യാജ നെയിംബോർഡ് പതിപ്പിച്ച ജീപ്പിൽ ആയിരുന്നു പ്രതി എത്തിയത് എന്ന് കബളിപ്പിക്കപ്പെട്ട സ്ഥാപന ഉടമകൾ പറഞ്ഞു. ഡോക്ടറെ കബളിപ്പിച്ച് അരലക്ഷം രൂപ തട്ടിയ കേസിൽ മനുവിന്റെ കൂട്ടുപ്രതിയായ ഹെവൻ വാലി എസ്റ്റേറ്റിൽ സാംകോര (33) ഉം പിടിയിലായിരുന്നു. ഈ കേസിൽ റിമാൻഡിൽ പോയ പ്രതി ജാമ്യത്തിൽ ഇറങ്ങിയശേഷം ആണ് തിരുവല്ലയിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരിയിലെ പലവ്യഞ്ജന മൊത്തക്കച്ചവട സ്ഥാപനമായ പ്രഭുസ് സ്റ്റോറിൽ നിന്നും സിവിൽ സപ്ലൈസ് ഓഫീസർ എന്ന വ്യാജേനെ 50 ചാക്ക് പഞ്ചസാര ഉൾപ്പെടെ 3 ലക്ഷത്തോളം രൂപയുടെ പലവ്യഞ്ജനങ്ങളും സമാന തരത്തിൽ പ്രതി തട്ടിയെടുത്തതായി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാർ പറഞ്ഞു.