
ലോകത്തിലെ ഏറ്റവും അത്യാധുനിക ആണവായുധങ്ങൾ റഷ്യയുടെ കൈവശമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ പരമാധികാരവും ആഗോള അധികാര സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ആയുധ പദ്ധതിയെക്കുറിച്ചുള്ള ഒരു സർക്കാർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
റഷ്യ ഒരു ‘ന്യൂക്ലിയർ ട്രയാഡ്’ ഉള്ള രാജ്യമാണെന്ന് പുടിൻ പ്രത്യേകം എടുത്തുപറഞ്ഞു. എന്താണ് ഈ ‘ന്യൂക്ലിയർ ട്രയാഡ്’. കരയിൽ നിന്ന് വിക്ഷേപിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBMs), അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ (SLBMs), ആണവ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള തന്ത്രപരമായ ബോംബറുകൾ എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ മൂന്ന് തരം ആയുധ സംവിധാനങ്ങൾ റഷ്യയുടെ കൈവശമുള്ളതുകൊണ്ട്, ഏതൊരു ശത്രുരാജ്യത്തിനും റഷ്യയുടെ ആണവശക്തിയെ ഒറ്റയടിക്ക് നശിപ്പിക്കാൻ കഴിയില്ലെന്ന് ഇത് ഉറപ്പാക്കുന്നു. റഷ്യയുടെ തന്ത്രപരമായ ആണവ സേനയിലെ അത്യാധുനിക ആയുധ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും പങ്ക് 95% ആയെന്നും, ഈ കാര്യത്തിൽ റഷ്യ “നല്ല പുരോഗതി” കൈവരിച്ചിട്ടുണ്ടെന്നും പുടിൻ ചൂണ്ടിക്കാട്ടി.
ഇത് റഷ്യയുടെ ആണവ ശക്തിയിലെ മുന്നേറ്റത്തെയാണ് കാണിക്കുന്നത്. അമേരിക്കൻ സ്ട്രാറ്റജിക് കമാൻഡിന്റെ കമാൻഡറായ എയർഫോഴ്‌സ് ജനറൽ ആന്റണി കോട്ടണും റഷ്യയുടെ യുദ്ധോപകരണങ്ങളെക്കുറിച്ച് സമാനമായ വിലയിരുത്തലാണ് നടത്തിയത്. ഏതൊരു രാജ്യത്തേക്കാളും വലുതും വൈവിധ്യപൂർണ്ണവുമായ ആണവായുധ ശേഖരം നിലവിൽ റഷ്യയുടെ കൈവശമുണ്ടെന്നും, റഷ്യയുടെ ആണവായുധ ശക്തി അമേരിക്കയുടേതിനേക്കാൾ കൂടുതലാണെന്നും കോട്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു.
2023 സെപ്റ്റംബറിൽ സർമാറ്റ് ഐസിബിഎമ്മിനെ യുദ്ധത്തിന് വേണ്ടി സജ്ജീകരിച്ചു. അതേസമയം, ആണവായുധങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഏറ്റവും നൂതനമായ ആയുധ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ ദീർഘകാല ആയുധ പരിപാടി വികസിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. ഇത് റഷ്യയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കാനുള്ള ഒരു തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
പുടിന്റെ ഈ പ്രഖ്യാപനം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. റഷ്യയുടെ ആണവശക്തിയുടെ വർദ്ധനവ് ലോക സമാധാനത്തിന് എന്ത് ഭീഷണിയാണെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട് . അതേസമയം നമ്മുടെ ഇന്ത്യയിൽ ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ലോക ശ്രദ്ധ നേടിയ മിസൈലായിരുന്നു ബ്രഹ്മോസ്. എന്നാൽ, ഇന്ത്യയുടെ ആയുധപ്പുരയിൽ ബ്രഹ്മോസ് മാത്രമല്ല ശത്രുക്കളെ കാത്തിരിക്കുന്നത് എന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ് പ്രതിരോധ ഗവേഷണ വികസന സംഘടന .
ഏറ്റവും പുതിയതായി രുദ്രം-4 എന്ന ഹൈപ്പർസോണിക് മിസൈലാണ് ഡിആർഡിഒ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വേഗതയുടെയും കൃത്യതയുടെയും പുതിയ നിർവചനമാണ് രുദ്രം-4. മണിക്കൂറിൽ 6,790 കിലോമീറ്ററിലധികം വേഗതയും , 300 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയും , ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്താനുള്ള കഴിവ്, ഭാരം കുറഞ്ഞ രൂപകൽപ്പന എന്നിവയെല്ലാം രുദ്രം-4-ൻ്റെ പ്രധാന സവിശേഷതകളാണ്.
രുദ്രം-1 ന്റെ പരമ്പരയിലെ ആദ്യ മിസൈലിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട് . 200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഒരു സൂപ്പർസോണിക് ആന്റി-റേഡിയേഷൻ മിസൈലാണിത്. . കൂടുതൽ രുദ്രം-1 മിസൈലുകൾ ഇന്ത്യ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.. രുദ്രം 2 വിന് ആന്റി-റേഡിയേഷൻ, കരയിലെ ആക്രമണങ്ങൾക്കുള്ള വകഭേദങ്ങൾ ഉണ്ട്. ഇതിലെ ഇമേജിംഗ് ഇൻഫ്രാറെഡ് സീക്കർ വിവിധ ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നതാണ്..
രുദ്രം-3 , 550 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ട് ഘട്ടങ്ങളുള്ള ഹൈപ്പർസോണിക് മിസൈലാണ്. കൂടുതൽ ആഴത്തിലുള്ള ആക്രമണങ്ങൾക്കായാണ് ഇത് നിർമ്മിക്കുന്നത്. ബ്രഹ്മോസിനേക്കാൾ വേഗതയും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും രുദ്രം-3-നുണ്ടാകും. നിലവിൽ ഇത് വികസന ഘട്ടത്തിലാണ്.. രുദ്രം-3-ന്റെ 550 കിലോമീറ്റർ ദൂരപരിധിയെയും ഇത് മറികടക്കാൻ സാധ്യതയുണ്ട്. പരമ്പരയിലെ മറ്റ് മിസൈലുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കും രുദ്രം-4. റഷ്യയുടെ കിൻസാൽ മിസൈലിന് സമാനമായി, വ്യോമ പ്രതിരോധ റഡാർ ആർക്കുകളെ മറികടക്കുന്ന താഴ്ന്ന ഉയരത്തിലുള്ള ക്വാസി-ബാലിസ്റ്റിക് പാതകളും കൈകാര്യം ചെയ്യാൻ രുദ്രം-4 ന് കഴിയും.