വൻ വ്യാജ അർബുദ മരുന്ന് വേട്ട, ഏഴ് പേർ പിടിയിൽ

ന്യൂഡൽഹി: വ്യാജ അർബുദ മരുന്നുകൾ നിർമിക്കുന്ന സംഘത്തെ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. ഡോക്ടർ ഉൾപ്പെടെ നാലു പേരെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. മാർക്കറ്റിൽ എട്ടുകോടി രൂപ വിലവരുന്ന വ്യാജ അർബുദ മരുന്നുകൾ ഇവരിൽനിന്ന് കണ്ടെടുത്തു. രണ്ട് എൻജിനീയർമാരും എം.ബി.എ ബിരുദധാരിയുമാണ് മറ്റുള്ളവർ.

ചൊവ്വാഴ്ചയാണ് വ്യാജ കാൻസർ മരുന്നുകൾ നിർമ്മിക്കുന്ന സംഘത്തെ പിടികൂടിയത്. നാല് വർഷമായി സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മരുന്ന് ഉൽപാദിപ്പിക്കുന്ന ഹരിയാനയിലെ സോനിപട്ടിലെ ഒരു ഫാക്ടറിയിലും ഗാസിയാബാദിലെ ഒരു ഗോഡൗണിലും പൊലീസ് റെയ്ഡ് നടത്തി.

പിടിയിലായ ഡൽഹി സംഘം ഇന്ത്യയ്ക്കു പുറമേ, ചൈന, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് വലിയ തോതിൽ വ്യാജമരുന്ന് കയറ്റുമതി ചെയ്തെന്നും കണ്ടെത്തി.

ഹരിയാനയിലെ സോനിപ്പത്തിലെ ഫാക്ടറിയിലായിരുന്നു നിർമാണം. ഗാസിയാബാദിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 8 കോടിയോളം വിലയുള്ള 20 രാജ്യാന്തര ബ്രാൻഡുകളുടെ ‘വ്യാജശേഖരം’, മരുന്നു നിർമാണ ഘടകങ്ങൾ, നി‍ർമാണ സാമഗ്രികൾ, പാക്കേജിങ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

ഡോ. പി.എൻ.പ്രധാൻ (34) ആണ് പ്രധാന സൂത്രധാരൻ. ബംഗ്ലദേശിൽ നിന്നുള്ള ഡോ. മുഹമ്മദ് റസൽ, ബിഹാറിലെ ഡോ. അനിൽ ജയ്സ്വാൾ എന്നീ ഡോക്ടർമാരുടെ സഹായത്തോടെയായിരുന്നു വ്യാജമരുന്നു നിർമാണം. 10നു വ്യാജമരുന്നുമായി ഒരാൾ പിടിയിലായപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും സംഘം മരുന്നെത്തിച്ചിരുന്നു. ‘വീ ഫാസ്റ്റ്’ എന്ന കൊറിയർ സ്ഥാപനം വഴിയായിരുന്നു വിതരണം.

വ്യാജനെക്കുറിച്ചുള്ള ബിസിനസ് പ്ലാൻ ചൈനയിലെ എംബിബിഎസ് പഠനകാലത്തു തന്നെ സംഘത്തിന്റെ മനസ്സിലുണ്ടെന്നു ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. സംഘത്തിലെ പ്രധാനിയായ പി.എൻ.പ്രധാൻ ചൈനയിൽ നിന്നു എംബിബിഎസ് പൂർത്തിയാക്കിയാണ് ഡൽഹിയിലെത്തിയത്. വലിയ വിദേശ മരുന്നു കമ്പനികൾക്ക് ഇന്ത്യയിലെ വിതരണത്തിന് അവർ ഉൽപാദന അനുമതി നൽകിയ കമ്പനികളുണ്ടാകും. അവരെ മറികടന്ന് വ്യാജമരുന്ന് ഇറക്കാനായിരുന്നു പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *