വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി മാലിക്

ഇസ്ലാമാബാദ്: വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് ജന്മദിനാശംസകളുമായി പാക് ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ ഷൊയ്ബ് മാലിക്.

കഴിഞ്ഞ ദിവസം രാത്രിയാണ് സാനിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യപൂര്‍ണവും സന്തോഷപൂര്‍ണവുമായ ജീവിതം ആശംസിച്ച മാലിക് ഈ ദിവസം നന്നായി ആഘോഷിക്കാനും സാനിയയോട് പറയുന്നു.

ഇന്ന് സാനിയയ്ക്ക് 36 വയസ് തികയുകയാണ്. ഇരുവരുടെയും വിവാഹമോചന അഭ്യൂഹങ്ങള്‍ വ്യാപിക്കുന്നതിനിടെയാണ് മാലിക്കിന്റെ ഈ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇരുവരും ഇപ്പോള്‍ പിരിഞ്ഞ് താമസിക്കുകയാണ്. വിവാഹ ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു.

സാനിയയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇരുവരും വിവാഹമോചനത്തിലേക്കാണെന്ന അഭ്യൂഹം ഉയര്‍ത്തിയത്. മുറിഞ്ഞ ഹൃദയങ്ങള്‍ എങ്ങോട്ടേക്ക് അള്ളാഹുവിനെ തേടി എന്നാണ് ഈ മാസം എട്ടിന് സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്. ഇതിന് തൊട്ടുമുമ്പ് മകനുമൊത്തുള്ള ഒരു ചിത്രവും സാനിയ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് അതില്‍ സാനിയ വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോള്‍ വിവാഹ മോചന അഭ്യൂഹങ്ങള്‍ ഒരു പ്രചരണായുധം മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഒരു ചര്‍ച്ചയെക്കുറിച്ച് കഴിഞ്ഞാഴ്ച പ്രഖ്യാപനമുണ്ടായിരുന്നു. മിര്‍സ മാലിക് ഷോ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഉര്‍ദു ഫ്‌ളിക്‌സില്‍ മാത്രമാകും ഷോ ലഭ്യമാകുക. ഇരുവരും വളരെ ചേര്‍ന്ന് ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഇതോടൊപ്പം നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *