രാജി സന്നദ്ധത അറിയിച്ച് കെ സുധാകരന്‍

കണ്ണൂര്‍: ആര്‍ എസ് എസ് അനുകൂല പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കാര്യം വ്യക്തമാക്കി സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടു ദിവസം മുമ്പ് കത്തയച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ല. പ്രതിപക്ഷവും കെ പി സി സി യും ഒന്നിച്ച് പോകില്ലെന്നും സുധാകരന്റെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. താന്‍ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞാല്‍ പകരം യുവാക്കള്‍ക്ക് പ്രസിഡന്റ് പദവി നല്‍കണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്തു എന്ന സുധാകരന്റെ പരാമര്‍ശമുണ്ടായത്. ശിശുദിനത്തില്‍ കണ്ണൂര്‍ ഡി സി സി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെ ആണ് സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്.

സുധാകരന്റെ ഇടക്കിടെയുണ്ടാകുന്ന ഇത്തരം പ്രസ്താവനകളില്‍ കോണ്‍ഗ്രസിലും യുഡി എഫ് ഘടക കക്ഷികളിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും സുധാകരന്റെ പരാമര്‍ശത്തില്‍ പരസ്യമായിത്തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ തനിക്കു സംഭവിച്ചത് വാക്കുപിഴാണെന്ന് പറഞ്ഞ് കെ സുധാകരന്‍ തലയൂരുകയായിരുന്നു. സുധാകരന്റെ പ്രസ്താവനയെ പാര്‍ട്ടി ഗൗരവകരമായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. അതേസമയം സുധാകരന്‍ ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *