മോശം അന്തരീക്ഷം നവജാത ശിശുക്കളെയും അമ്മമാരെയും ബാധിക്കുന്നത് എങ്ങനെ എന്ന് അറിയാമോ?

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലെത്തിയതിന്റെ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നമുക്ക് മുന്നിലെത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്തരീക്ഷ ഗുണനിലവാര സൂചിക 303 ആയിരുന്നു.

ഇത്തരത്തിലുള്ള വായുമലിനീകരണം ഏറ്റവും അപകടകരമായി ബാധിക്കുന്നത് നവജാത ശിശുക്കളെയും അമ്മമാരെയുമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജനനസമയത്ത് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഭാരക്കുറവ്, പൂര്‍ണ വളര്‍ച്ച എത്തും മുമ്പുളള ജനനം എന്നിവയ്ക്ക് ഇത്രയും ഗുരുതരമായ പാരിസ്ഥിതിക സ്ഥിതി വഴി വയ്ക്കുമെന്നാണ് സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനം വ്യക്തമാക്കുന്നത്.

നവജാതശിശുമരണം, അംഗഭംഗമുള്ള കുഞ്ഞ് ജനിക്കുക എന്നിവയും ഇത് മൂലം സംഭവിക്കുന്നു. പതിനഞ്ച് വയസില്‍ താഴെയുള്ള 93 ശതമാനം കുഞ്ഞുങ്ങളും അതായത് 180 കോടി കുട്ടികളും നിത്യവും വിഷലിപ്തമായ വായുവാണ് ശ്വസിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ച് വയസില്‍ താഴെയുള്ള പത്ത് ഒരു മരണത്തിനും കാരണം വായു മലിനീകരണമാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതു പോലെ തന്നെ നവജാതശിശുക്കളുടെ 20ശതമാനം മരണത്തിനും കാരണം അന്തരീക്ഷ മലിനീകരണം തന്നെയാമ്.

ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും അന്തരീക്ഷ മലിനീകരണം വളരെയേറെ ബാധിക്കുന്നുവെന്നാണ് അപ്പോളോ ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി ഡോ അനുപമ സിബല്‍ പറയുന്നത്. അന്തരീക്ഷ മലിനീകരണം മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെയാണ് ഏറെ ബാധിക്കുക എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളാണ് മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം എടുക്കുന്നത്. ശ്വാസം കടന്ന് പോകുന്ന അവയവങ്ങളുടെ വലുപ്പത്തിലുള്ള വ്യത്യാസവും കുഞ്ഞുങ്ങളില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് പോലുള്ള രോഗമുള്ള കുട്ടികളില്‍ അന്തരീക്ഷ മലിനീകരണം ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്.

മലിനീകരണം കുറവുള്ള ഇടങ്ങളില്‍ കുട്ടികളുടെ ശാരീരിക വ്യായാമത്തിന് അവസരം ഒരുക്കുക എന്നാണ് ഇതിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. വീട്ടിനുള്ളില്‍ തന്നെ ഗര്‍ഭിണികളും കുട്ടികളും വ്യായാമം ചെയ്യുന്നതായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലത്.

വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നതും ഒരു പരിധിവരെ മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കിയെടുക്കാന്‍ സഹായിക്കുന്നു. എയര്‍പ്യൂരിഫയറുകള്‍ വാങ്ങാനാകുന്നവര്‍ അത് വാങ്ങി ഉപയോഗിക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *