മാസംതികയാതെ ജനിക്കുന്ന കുഞ്ഞിനുവേണ്ടത് നെഞ്ചിലെ ചൂട്; ഇൻക്യുബേറ്റർ മാർഗരേഖ പുതുക്കി ‍‍ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് സ്പർശനവും കരുതലുമാണ് ആവശ്യമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ഇൻക്യുബേറ്റർ മാർഗരേഖ പുതുക്കി. 37 ആഴ്ച തികയുംമുമ്പ് ജനിക്കുന്ന രണ്ടരക്കിലോഗ്രാമിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഇൻക്യുബേറ്റർ സംവിധാനങ്ങളിൽ സൂക്ഷിക്കുന്നതിനുപകരം അമ്മയുടെയോ അച്ഛന്റെയോ നെഞ്ചിലെ ചൂടുനൽകുന്നതാണ് (കാങ്ക്‌രൂ കെയർ) ഉത്തമമെന്ന് പുതുക്കിയ മാർഗരേഖയിൽ നിർദേശിക്കുന്നു.

മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് കൊഴുപ്പ് കുറവായതിനാൽ ശരീരതാപം നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകും. ശ്വസനത്തിന് പലപ്പോഴും വൈദ്യസഹായം ആവശ്യമാണ്. കാങ്ക്‌രൂ കെയറിലൂടെ കുഞ്ഞിനു ചൂടുലഭിക്കുകയും സ്വാഭാവിക വളർച്ചയുണ്ടാവുകയും ചെയ്യുമെന്ന് ‍‍ലോകാരോ​ഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. പ്രായോഗികവും ചെലവ് കുറഞ്ഞതുമായ ഇത്തരം പരിരക്ഷയിലൂടെ കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ ഭാവിജീവിതം പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നെഞ്ചിലെ ചൂടേറ്റുറക്കം

അമ്മയുടെയോ അച്ഛന്റെയോ നഗ്നമായ നെഞ്ചിൽ കുഞ്ഞിനെ ചേർത്തുവെച്ചു പൊതിയുന്ന രീതിയാണ് കാങ്ക്‌രൂ കെയർ. കൊളംബിയയിലെ ബൊഗോത്തയിൽ 1970-കളിലാണ് ഈ രീതി ആദ്യം തുടങ്ങിയത്. ഇതിലൂടെ:

-കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്വാഭാവികനിലയിലാകും.

-ശ്വസനരീതി മെച്ചപ്പെടും. അതുവഴി ശരീരത്തിൽ ഓക്സിജന്റെ അളവ് മെച്ചപ്പെടും

-ഉറക്കത്തിന്റെ സമയം വർധിക്കും

-ശരീരഭാരം വേഗം കൂടും

-കൂടുതൽ പാലുകുടിക്കും

-അസ്വസ്ഥതകാരണമുണ്ടാകുന്ന കരച്ചിൽ കുറയും

മാസംതികയാതെയുള്ള പ്രസവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്. ലോകത്ത് പ്രതിവർഷം ഒന്നരക്കോടി കുഞ്ഞുങ്ങൾ മാസംതികയാതെ ജനിക്കുന്നു. ആകെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പത്തിലൊരാൾ എന്നാണ് തോത്. ഇതിൽ 10 ലക്ഷംപേർ ജനനത്തിലെ ആരോഗ്യപ്രശ്നങ്ങൾ കാരണം അഞ്ചു വയസ്സിനുമുമ്പ് മരിക്കുന്നു. അതിജീവിക്കുന്ന കുഞ്ഞുങ്ങളിൽ പലർക്കും പഠന, കാഴ്ച, കേൾവി വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ സാധാരണ ഏഴുദിവസംമുതൽ 14 ദിവസം വരെ ഇൻക്യുബേറ്റർ അല്ലെങ്കിൽ വാമറിൽ വെക്കുകയാണ് പതിവ്. ഒപ്പം കാങ്ക്‌രൂ കെയറും ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ-സർക്കാർ ആശുപത്രികളിൽ കാങ്ക്‌രൂ കെയറിന് കുഞ്ഞിന്റെ അമ്മയും അച്ഛനും ഭാഗമാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *