നിയമ വകുപ്പില്‍ അനധികൃത നിയമനങ്ങള്‍ : തെളിവുകള്‍ യൂ ടോക്കിന്

തിരുവനന്തപുരം: നിയമ വകുപ്പിലെ 18 നിയമനങ്ങള്‍ അനധികൃതമാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. . ഓഫീസ് അറ്റന്‍ഡന്റ്, ഡി ടി പി ഒപ്പറേറ്റര്‍ തുടങ്ങി 18 തസ്തികകളിലേക്കു നടന്ന നിയമനങ്ങള്‍ ഒന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ല നടന്നത്.

ഓഫിസ് അറ്റന്‍ഡന്റ് 14 , ഡ്രൈവര്‍ മൂന്ന്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഒന്ന് എന്നിങ്ങനെയാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ ആണ് ഇവരെല്ലാം. ഇവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഒരു വര്‍ഷം 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. നിയമവകുപ്പില്‍ നിന്ന് ഒക്ടോബര്‍ ആറിന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം 2.45 ലക്ഷം രൂപയാണ് സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിനായി ഇവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. 40 ഓഫിസ് അറ്റന്‍ഡന്റ്മാര്‍ നിയമ വകുപ്പില്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് പാര്‍ട്ടിക്കാരായ 18 പേരെ താല്‍ക്കാലിക തസ്തികകളിലേക്ക് എടുത്തത്. പേപ്പര്‍ രഹിത ഫയലുകള്‍ (ഇ ഫയലുകള്‍) ആണ് നിയമ വകുപ്പില്‍ കൂടുതലും.

ഒറ്റ ക്ലിക്കിന് ഫയലുകള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് പറന്ന് പോകുമ്പോള്‍ ഓഫിസ് അറ്റന്‍ഡന്റിന് ജോലി ഇല്ലെന്ന് തന്നെ പറയാം. ഒരു ജോലിയും ഇല്ലാതെ, ഓരോ വര്‍ഷവും 30 ലക്ഷം ചെലവഴിച്ച് പിന്‍ വാതിലൂടെ കയറിയ പാര്‍ട്ടിക്കാരായ നിയമവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ എന്തിനാണ് സര്‍ക്കാര്‍ തീറ്റിപോറ്റുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. നഗരസഭകളിലേയും, സഹകരണ സംഘങ്ങളിലേയും പാര്‍ട്ടി നിയമനങ്ങള്‍ ദിവസം തോറും പുറത്തു വരികയാണ്. സമാനമായ രീതിയിലാണ് ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലും അനധികൃത നിയമനങ്ങള്‍ നടക്കുന്നത്. നിയമ മന്ത്രി പിരാജീവിന്റെ അറിവോട് കൂടിയാണ് നിയമനങ്ങള്‍ നടന്നതെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *