ചലച്ചിത്രതാരം അനൂപ് മേനോന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: ചലച്ചിത്രതാരം അനൂപ് മേനോനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലില്‍ എത്തി സിഇഒ ഇക്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് താരം വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, എന്റെ മെഴുകുതിരി അത്താഴം, കിംഗ് ഫിഷ് തുടങ്ങി നൂറിലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് അനൂപ് മേനോന്‍.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും ഒക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടീനടന്‍മാരടക്കം നിരവധി പേര്‍ക്ക് ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചുകഴിഞ്ഞു.

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *