ഏക് മസ്ബൂത്ത് ദോസ്തി; മോഡി- സുനാക് കൂടിക്കാഴ്ച

ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ആദ്യ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച. ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവെച്ച ചിത്രങ്ങളും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ മികച്ച പ്രതികരണമായി അടയാളപ്പെടുത്തുന്നു.

ഇരുവരും ചേര്‍ന്ന് പുതിയ യുകെ-ഇന്ത്യ യങ് പ്രൊഫഷണല്‍ സ്‌കീമിന് തുടക്കം കുറിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് യുകെയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണിത്.

യുവാക്കളായ 3000 ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ താമസിക്കാനും രണ്ടുവര്‍ഷം ജോലിചെയ്യാനും അവസരമൊരുങ്ങും. 18നും 30നും ഇടയില്‍ പ്രായമുള്ളവരും ബിരുദധാരികളുമായ ഇന്ത്യക്കാര്‍ക്ക് അവസരം നല്‍കുമെന്ന ഉറപ്പ് ഋഷി സുനാക് നരേന്ദ്രമോദിക്ക് നല്‍കി. ഒപ്പം, ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ പ്രതിരോധ പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള സുരക്ഷാബന്ധം വര്‍ധിപ്പിക്കുന്നതിന്റെ സധ്യതയുള്‍പ്പെടെ ചര്‍ച്ച ചെയ്തു എന്നായിരുന്നു മോദി ട്വിറ്ററില്‍ കുറിച്ചത്. നിലവില്‍ ചരിത്രത്തിലില്ലാത്ത ഒരു വ്യാപാര കരാറിന് ഇന്ത്യയുമായി തയ്യാറെടുക്കുകയാണെന്നാണ് യു.കെ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജി 20 ഉച്ചകോടിയുടെ വേദിയിലായിരിക്കും ഇരുവരും ആദ്യമായി കാണുകയെന്ന് നേരത്തെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയുടെ സന്തോഷ പങ്കുവെച്ച് ഋഷി സുനാകും ട്വിറ്ററില്‍ ഫോട്ടോ പങ്കുവെച്ചു. യുണൈറ്റഡ് ബൈ ഫ്രണ്ട്ഷിപ്പ് എന്ന തലക്കട്ടിലാണ് ഫോട്ടോ. ശക്തമായ സൗഹൃദം എന്ന അര്‍ത്ഥം വരുന്ന ഏക് മസ്ബൂത്ത് ദോസ്തി എന്ന വരിയും ഋഷി സുനാക് ഹിന്ദിയില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *