ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;സ്ത്രീയുടെ രേഖാചിത്രം പുറത്ത്

കൊല്ലം; ഓയൂരില്‍ നിന്ന് ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു.അബിഗേലിനെ തട്ടിക്കൊണ്ടു പോയ അന്നു തന്നെ രാവിലെ താന്നിവിള പനയ്ക്കല്‍ ജംക്ഷനു സമീപം ചൈത്രം വീട്ടിലെത്തിയ സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു.സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംക്ഷനില്‍ സൈനികനായ ആര്‍.ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലായിരുന്നു തട്ടിക്കൊണ്ടു പോകല്‍ ശ്രമം.

രാവിലെ 8.30ന് വീട്ടിനകത്തു നിന്നിരുന്ന 12 വയസ്സുള്ള മകള്‍ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നില്‍ക്കുന്നതു കണ്ടത്.ആരാണെന്നു ചോദിച്ചപ്പോള്‍ പെട്ടെന്നു ഗേറ്റ് കടന്ന് ഓടി സമീപത്ത് ബൈക്കില്‍ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു.സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഓയൂരില്‍ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *